എം.എസ്.പി ഇരമ്പിയാര്‍ത്തു. സൂപ്പര്‍ ഫൈറ്റേഴ്‌സ് പത്തി മടക്കി.
News Credit: ടി പി ജലാല്‍
മലപ്പുറം: പ്രഥമ മലബാര്‍പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എം.എസ്.പി ഡെല്‍റ്റാഫോഴ്‌സിന്റെ തനി നിറമാണ് ഇന്നലെ കോട്ടപ്പടി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. തിങ്ങി നിറഞ്ഞ കാണികള്‍ക്കു മുമ്പില്‍ തുടക്കത്തില്‍ പതറിയ ഡെല്‍റ്റാഫോഴ്‌സ് രണ്ടാം പകുതിയില്‍ നടത്തിയ ഉജ്ജ്വല തിരിച്ചുവരവാണ് അക്ഷരാര്‍ത്ഥത്തില്‍ മത്സരത്തിന്റെ ഗതിനിര്‍ണയിച്ചത്. സെമി ഫൈനലില്‍ മത്സരത്തിനു ശേഷം വിശ്രമം ലഭിക്കാതെ കളത്തിലിറങ്ങിയ എം.എസ്.പിക്ക് ആദ്യ പകുതിയുടെ അഞ്ചു മിനിറ്റു മാത്രമാണ് കാര്യമായി മുന്നേറാനായത്. ഈ സമയത്ത് ഗോള്‍ സാധ്യതയും സൂപ്പര്‍ ഫൈറ്റേഴ്‌സിനായിരുന്നു. ആസാദിനു പകരം കെ കെ ഭരതന്‍ ഗ്രൗണ്ടിലിറങ്ങിയതാണ് ഇവര്‍ക്ക് അനുകൂല ഘടകമായത്. കൂട്ടിനു ഷാനിദ് വാളനും ഒപ്പം നിന്നു. അതേസമയം എം.എസ്.പിയുടെ ഷാഹിദും സന്തോഷ് ട്രോഫി താരം കെ ഫിറോസും ഇടക്കിടെ മുന്നേറുന്നതോടെയാണ് ആദ്യ പകുതി അവസാനിച്ചത്. ഇടവേളയില്‍ എം.എസ്.പി ടീം പൂര്‍ണമായും ഗ്രൗണ്ടില്‍ കിടന്നു വിശ്രമിക്കുകയും കോച്ചും ഫിസിയോയും പരിചരിക്കുകയും ചെയ്തതോടെ ഉത്തേജനം ലഭിച്ച പോലെയാണ് ടീം രണ്ടാം പകുതിയിലെത്തിയത്. 58 ാം മിനിറ്റില്‍ മധ്യ നിരയും മുന്നേറ്റനിരയും ഒരു മിച്ചുള്ള പാസിംങ് കെ ഫിറോസിന് ലഭിക്കും മുമ്പ് സൂപ്പര്‍ ഫൈറ്റേഴ്‌സിന്റെ ഗോള്‍കീപ്പര്‍ സന്ദീപ് അപകടം ഒഴിവാക്കി. തുടരെയുള്ള ആക്രമണത്തിനിടയില്‍ സന്തോഷ് ട്രോഫി താരം ആര്‍ കണ്ണനെ തിരിച്ചു വിളിച്ചതോടെ സൂപ്പര്‍ ഫൈറ്റേഴ്‌സ് ആദ്യ ഗോള്‍ വഴങ്ങി. 73ാം മിനിറ്റില്‍ ജിംഷാദിന്റെ കോരിയിട്ട ബോളില്‍ ജിറ്റ്‌സണ്‍ കാല്‍ വെച്ചപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച ഗോളുകളിലൊന്നായി. ഇതിനിടെ പങ്കാളിയില്ലാതെ നട്ടം തിരിഞ്ഞ ഭരതന്‍ ഒറ്റക്കു മുന്നേറി ഷൂട്ട് ചെയ്‌തെങ്കിലും എം.എസ്.പി ഗോള്‍ കീപ്പര്‍ നിഷാദ് ഒറ്റക്കൈയില്‍ തടഞ്ഞു. 78ാം മിനിറ്റില്‍ മധ്യ നിരയില്‍ നി്ന്നും ഒറ്റക്കു ഇടതു വിങ്ങിലേക്കു മുന്നേറിയ ജിംഷാദ് ഫിറോസിനു നല്‍കി. രണ്ടു പേരെ വെട്ടിച്ച ഫിറോസ് മാഹിന്‍ പി ഹുസൈന് കൊടുത്തു. മാഹിന്‍ ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന്റെ ഇടതു മുലയിലേക്കിട്ടു. 85ാം മിനിറ്റില്‍ ഗനിം അഹമ്മദ് സൂപ്പര്‍ ഫൈറ്റേഴ്‌സിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചു കയറ്റി. ഈ ഗോളില്‍ ഷിഹാദിന്റെ മികച്ച നീക്കമുണ്ടായിരുന്നു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ 'ഡി'യില്‍ വെച്ച് മിഥുനെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്കും സൂപ്പര്‍ ഫൈറ്റേഴ്‌സിനു മുതലാക്കാനായില്ല. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സൂപ്പര്‍ ഫൈറ്റേഴ്‌സിലെ കെ കെ ഭരതനെ തിരഞ്ഞെടുത്തു. നാലു ഗോളുകള്‍ നേടിയ ഏറനാട് സ്റ്റാലിയന്‍സിലെ ആഷിക് ഉസ്മാനും എം.എസ്.പിയിലെ കെ ഫിറോസും ടോപ് സ്‌കോറര്‍മാരായി. ഏറനാട് സ്റ്റാലിയന്‍സിലെ മുഹമ്മദ് നാഷിദ് മികച്ച ഗോള്‍കീപ്പറായും സ്പാര്‍ട്ടന്‍സ് തിരൂരിലെ ജലീല്‍ മികച്ച ഭാവി താരമായും തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ, കലക്ടര്‍ കെ ബിജു, അസിസ്റ്റന്റ് കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, സബ് കലക്ടര്‍മാരായ ആദില അബ്ദുല്ല, അമിത് മീണ, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ എം വിജയന്‍, യു ഷറഫലി, സി വി പാപ്പച്ചന്‍, ജോപോള്‍ അഞ്ചേരി എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ആസിഫ് സഹീര്‍, എന്‍ പി പ്രദീപ്, എം.എസ്.പി കമാന്‍ഡന്റ് ഉമ ബെഹ്‌റ, എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്‌റ, ഡോ സൂധീര്‍ കൂമാര്‍ സൂരേഷ് തുടങ്ങിയവര്‍ക്ക് മൊേെന്റ്ാ നല്‍കി. വിജയികള്‍ക്ക് ട്രോഫിയും 1 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും സെമിയിലെത്തിയ ടീമുകള്‍ക്ക് 25000 രൂപയും കലക്ടര്‍ കെ ബിജു നല്‍കി.
0 comments: